Kerala
വയനാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 67 പേര്. ഹൈക്കോടതി അഭിഭാഷകന് അഡ്വ. കുളത്തൂര്‍ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വനം സെക്രട്ടറിയുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം.
ആന ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. പാമ്പുകടിയേറ്റ് 34 പേര് മരിച്ചു. കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണത്തില്‍ ഒന്നു വീതം ആളുകളുടെ ജീവന് പൊലിഞ്ഞു. മറ്റിനം വന്യജീവികളുടെ ആക്രമണത്തിലാണ് 11 പേരുടെ മരണം.
കാട്ടാനകളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 15 എണ്ണം വനമേഖലയിലാണ്. കൊല്ലപ്പെട്ടതില്‍ 13 പേര് ആദിവാസികളാണ്.
വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ 2016-17 മുതല്‍ കുറവ് വന്നിട്ടുണ്ട്. 2011 മുതല്‍ 2025 വരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 1,549 മരണങ്ങള് സംഭവിച്ചു. 1,158 പേര് പാമ്പുകടിയേറ്റാണ് മരിച്ചത്.
കേരളത്തില്‍ ഏകദേശം 16,000 കിലോമീറ്റര്‍ വനാതിര്‍ത്തിയുണ്ട്. ഇതില്‍ 4,000 കിലോമീറ്റര്‍ മനുഷ്യ-മൃഗ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളാണ്. വനമേഖലയില്‍ 1,000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷരഹിതം എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്.
ശരിയായ ഇടപെടലുകള്‍ നടത്തിയാല്‍ സംഘര്‍ഷത്തിന്റെ തോത് പകുതിയായി കുറയ്ക്കാന്‍ കഴിയും. 2024ല്‍ മനുഷ്യ-മൃഗ സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 36 അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
28 റാപ്പിഡ് റെസ്പോണ്‍സ് ടീം സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമാണ്. രണ്ട് മുനിസിപ്പാലിറ്റികളും 28 പഞ്ചായത്തുകളും ഉള്‍പ്പെടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്നും മറുപടിയില്‍ പറയുന്നു.
Kerala
വാൽപ്പാറ: വാട്ടർ ടാങ്കിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇന്നലെ രാവിലെ ആറിനാണു സംഭവം.
കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോൾ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികിൽത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.
Kerala
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
പരിക്കേറ്റ് വഴിയിൽ
ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാട്ടുപോത്ത് ആദ്യം
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്‍റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
District News
വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Editorial
കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട്, കേന്ദ്രസർക്കാർ. ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും അവർക്കൊന്നും സംഭവിക്കാനില്ല. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഈ രാജ്യം മലയോരവാസികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരുകളുടെ ക്രൂരവിനോദം അത്രയധികമായി. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റത്തിന് ഒരു നുറ്റാണ്ടു പിന്നിട്ടപ്പോൾ കുടിയിറക്കം ശക്തമായി. മുന്നേ മുന്നു കാരണങ്ങളേയുള്ളു; വന്യജീവി, വനംവകുപ്പ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം.
വന്യജീവികൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമറിയാം. പക്ഷേ, അതിനു കാരണം ആരാണെന്നു തർക്കിച്ച് രസിക്കുകയാണ് ഇരുപക്ഷവും. തങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരുകൾക്കു നടുവിലൂടെ 'ഗതികെട്ടവൻ്റെ കുടിയിറക്കം' യാഥാർഥ്യമായിരിക്കുന്നു.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമം മാത്രമാണുള്ളതെന്നും കേരളം ഇതു കൃത്യമായി ഉപയോഗിക്കുന്നില്ലെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞത്. മനുഷ്യജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി സംസ്ഥാന വനം മേധാവികൾക്കുണ്ടെന്നും ഇതിന് കേന്ദ്രസർക്കാരിൻ്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി ഇങ്ങനെയാണ് കേന്ദ്രം കൈകഴുകിക്കൊണ്ടിരിക്കുന്നത്. പന്നികളെ ഉൾപ്പെടെ, ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം തിരുത്തില്ലെന്നുമാണ് പറഞ്ഞതിന്റെ വിവക്ഷ.
അതേസമയം, വന്യജീവി ആക്രമണത്തിലും വനംവകുപ്പിൻ്റെ കുടിയേറ്റ കർഷകദ്രോഹത്തിലുമൊക്കെ കൈയും കെട്ടിയിരിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിൻ്റെ പാളിച്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാൻ സംസ്ഥാനത്തിന് ഉത്തരവിടാം.
പക്ഷേ, ഉത്തരവിടുന്നതിനുമുമ്പ്, അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാർപ്പിക്കാനോ കഴിയില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും സാധിക്കില്ല. കേന്ദ്രസർക്കാരിൻ്റെതന്നെ കടുവാ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്കീമിൻ്റെയും നിർദേശങ്ങൾ പാലിക്കണം.
തീർന്നില്ല, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളൊന്നും മറികടക്കരുത്. ഇത്രയും കാര്യങ്ങൾ ചെയ്തുവരുമ്പോൾ മനുഷ്യരെ കൊന്നോ തിന്നോ വിശ്രമിക്കുന്ന ആനയും കടുവയുമൊക്കെ സ്ഥലത്തുണ്ടെങ്കിൽ നിയമം നടപ്പാക്കാം. ഈ 'ലളിതമായ' നടപടിക്രമങ്ങൾ കേന്ദ്രമന്ത്രിക്കും അറിയാത്തതല്ല. സാധാരണക്കാരുടെ കാര്യത്തിലാണ് ഈ നടപടിക്രമങ്ങൾ.
കഴിഞ്ഞ മാർച്ചിൽ വണ്ടിപ്പെരിയാറിൽ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചപ്പോൾ ഒറ്റവെടിക്കു കൊല്ലുകയും ചെയ്തു. പൊതുജനങ്ങളുടെയും ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഒരേ വിലയല്ലല്ലോ. പരിഷ്കൃത രാജ്യങ്ങളെല്ലാം നായാട്ട് അനുവദിച്ച് വന്യജീവികളെ നിയന്ത്രിക്കുമ്പോൾ ഇവിടത്തെ മണ്ഡുകങ്ങൾ കിണറ്റിൽനിന്നു കയറുന്നില്ല.
2016 മുതൽ 2025 ജനുവരി വരെ 919 പേർ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 8,967 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണു കണക്കുകൾ. കേരളത്തിലെ 941 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 273 എണ്ണവും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർഥം, മലയോരത്ത് ജനവാസം ഏതാണ്ട് അസാധ്യമായി എന്നാണ്.
നിരവധി വനാതിർത്തി ഗ്രാമങ്ങൾ ആൾത്താമസമില്ലാതായി. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ മുള്ളരിങ്ങാട്ട് നാഷണൽ എൽപി സ്‌കുളിൽ കഴിഞ്ഞ വർഷം 90ൽ അധികം വിദ്യാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ 45 ആയി ചുരുങ്ങിയെന്ന് ഇന്നലെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ആനപ്പേടിയാണ് കാരണം. സർക്കാർ പിന്തുണയോടെ കുടിയേറിയവരെ സർക്കാർതന്നെ കുടിയിറക്കുന്നു.
1918ൽ ഇടുക്കിയിലെ ഉപ്പുതറയിൽ തുടങ്ങിയ കുടിയേറ്റം 30-40കളിൽ ശക്തമായി. അന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി മലമ്പനിയും വന്യജീവികളുമായിരുന്നു. ഇന്നു മലമ്പനിയില്ല, വനംവകുപ്പുണ്ട്. അന്നു നിരവധിപ്പേർ മരിച്ചു മണ്ണടിഞ്ഞു. കാലക്രമേണ ചോര നീരാക്കിയ മനുഷ്യർ മെച്ചപ്പെട്ട വീടുകളും കൃഷിയിടങ്ങളും പടുത്തുയർത്തി. അവയെല്ലാം ഇപ്പോൾ വിജനമാകുകയാണ്.
എന്നിട്ടും കുടിയിറങ്ങാത്തവരെയാണ് വനംവകുപ്പ് കള്ളക്കേസുകളിൽ കുടുക്കി തല്ലിയോടിക്കാൻ ശ്രമിക്കുന്നത്. ഉന്നം കുടിയേറ്റക്കാരാണെങ്കിലും കൊള്ളുന്നത് വിനോദസഞ്ചാരമേഖലയുടെ ഭാവിക്കുമാണ്. വന്യജീവികൾക്കു കൊല്ലാനും തിന്നാനും മനുഷ്യരെ വിട്ടുകൊടുത്ത്, കേരളമെന്ന നവ കൊളോസിയത്തിൻ്റെ ഗാലറികളിലിരുന്ന് അധികാരം കൊറിച്ച് മരണക്കളി കാണുകയാണ് ഭരണകൂടങ്ങൾ.
ഈ അഭിനവ നീറോമാർ കാവൽനിൽക്കുന്ന മനുഷ്യവിരുദ്ധ നിയമങ്ങൾ കോടതികളെയും ബന്ധനത്തിലാക്കിയിരിക്കുന്നു. മനുഷ്യരെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ!